മുംബൈ: താനെ നായർ വെൽഫെയർ അസോസിയേഷന്റെ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ഇന്ന് താനെ ചെക്‌നാക്കയ്‌ക്കു സമീപമുള്ള സെൻറ്‌ലോറൻസ് സ്‌കൂൾ ഹാളിൽ നടന്നു. രാവിലെ 9.30ന് അസോസിയേഷൻ പ്രസിഡൻറ് ശ്രീകാന്ത് നായർ ഭദ്രദീപം തെളിയിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
സമാജം വനിതാവേദിയുടെയും യുവജനവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. മുതിർന്ന പൗരന്മാരെ ഗുരുപൂജ ചടങ്ങിൽ ആദരിക്കുകയും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മണി നായർ, എംഎൽഎ രവിഫാട്ടക്, മുൻ കോർപറേറ്റർ മനോജ് ഷിൻഡെ, മുംബൈയിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എം കുമാരൻ നായർ എന്നിവർക്ക് പുറമെ താനെയിലെയും മുംബൈയിലെയും രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പങ്കെടുത്തു.
വാർഷിക ആഘോഷത്തിലെ പ്രധാന ആകർഷണമായ മന്നത്ത് ആചാര്യ പുരസ്‌കാരം യുഡിഎസ് ഗ്രൂപ്പ് ചെയർമാനും ബോംബെ കേരളസമാജം പ്രസിഡൻറും ജനം ടിവി മാനേജിങ് ഡയറക്ടറുമായ എസ്. രാജശേഖരൻ നായർക്ക് മുഖ്യാഥിതി സമ്മാനിച്ചു.















