പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക ഭൂപടത്തിൽ ലക്ഷദ്വീപിന്റെ മുഖം തന്നെ മാറിമറിഞ്ഞിരുന്നു. വാർത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും ഇടം നേടി എന്നതിനപ്പുറം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷദ്വീപിലേയ്‌ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കും വർദ്ധിച്ചു. വികസനത്തിലൂടെ ലക്ഷദ്വീപിനെ ലോക ടൂറിസം മേഖലയിൽ മുൻ നിരയിലേയ്‌ക്ക് എത്തിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അതിന് അടിത്തറയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനം. ഇപ്പോഴിതാ, ലക്ഷദ്വീപിൽ ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുകയാണ് സ്വിഗ്ഗി.
ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിലും ഭക്ഷ്യ വിതരണ സേവനങ്ങള്‍ ലഭ്യമാക്കാൻ സ്വിഗ്ഗി തീരുമാനിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിയിൽ സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കവുമിട്ടു. ലക്ഷദ്വീപില്‍ പ്രവേശിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി. പ്രാദേശിക റസ്റ്ററന്റുകളില്‍ നിന്നുള്ള ഭക്ഷണം നാട്ടുകാര്‍ക്കും ദ്വീപിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഉറപ്പാക്കുക എന്നത് സ്വിഗ്ഗി ലക്ഷ്യമിടുന്നു.















