മലപ്പുറം: സമൂഹമാദ്ധ്യമത്തിലൂടെ ആത്മഹത്യ ചെയ്യുന്ന വിവരം ലൈവ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. നിലമ്പൂർ സ്വദേശി മുഹമ്മദ് ജാസിദ് ആണ് തൂങ്ങിമരിച്ചത്. പ്രണയബന്ധം തകർന്നതിൽ യുവാവ് മാനസികമായി തളർന്നിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
രണ്ട് വർഷമായി താൻ ഒരു പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നു. എന്നാൽ ഇത് തകരുകയും ഇതിന്റെ പേരിൽ ഒരുപാട് തവണ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടതായും വന്നിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്നും യുവാവ് ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. തുടർന്ന് സ്വന്തം ഫോട്ടോയിൽ ആർ.ഐ.പി എന്ന് എഴുതി യുവാവ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ഗൾഫിലുള്ള സുഹൃത്തുക്കളാണ് നാട്ടിലുള്ളവരെ വിളിച്ച് കാര്യം പറഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞ നാട്ടിലെ സുഹൃത്തുക്കൾ വീട്ടുകാരെ വിളിച്ചുണർത്തി നോക്കിയപ്പോൾ മുറിക്ക് സമീപമുള്ള ടെറസിൽ ജാസിദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു ജാസിദ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.