ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി) ചെയർമാൻ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നതിനായാണ് ബിസിസിഐ പദവി രാജി വയ്‌ക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ജയ് ഷായെ ഐസിസി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശം ചെയ്‌തെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും ജയ് ഷായാണ്.
നവംബറിലാണ് ഐസിസിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരിക്കണമെങ്കിൽ ബിസിസിഐ സെക്രട്ടറിയുടെ സ്ഥാനം ഒഴിയേണ്ടതുണ്ട്. ഐസിസിയുടെ ചെയർമാനായി വിജയിച്ചാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് പദവിയും ജയ് ഷാ രാജി വയ്‌ക്കണം. 2021-ലാണ് ജയ് ഷാ എസിസിയുടെ പ്രസിഡന്റായത്. നിലവിൽ ഐസിസി ചെയർമാൻ സ്ഥാനത്തുള്ളത് ന്യൂസിലൻഡിന്റെ ഗ്രെഗ് ബാർക്ലേയാണ്.
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഐസിസിയുടെ ചെയർമാൻ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവും ജയ് ഷാ. എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് മുമ്പ് ഈ പദവിയിലെത്തിയ ഇന്ത്യക്കാർ.