ബെനോനി: അണ്ടർ 19 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പർ സിക്‌സ് പോരാട്ടത്തിൽ ഇന്ത്യൻ യുവനിരയ്‌ക്ക് തകർപ്പൻ ജയം. ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിൽ 214 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓൾറൗണ്ടർ മുഷീർ ഖാന്റെ തീപ്പൊരി പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. മത്സരത്തിൽ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളുമാണ് താരം നേടിയത്. സ്‌കോർ- ഇന്ത്യ 295/ 8; ന്യൂസിലൻഡ് 81
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ന്യൂസിലൻഡിന്റെ പ്രതീക്ഷകളെ തകർക്കുന്ന വിധമായിരുന്നു യുവനിരയുടെ പ്രകടനം. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണർമാർ നൽകിയത്. ഓപ്പണറായി ഇറങ്ങിയ ആദർശ് സിംഗിന്റെ (52) അർദ്ധ സെഞ്ച്വറിയും മൂന്നാമനായി ഇറങ്ങിയ മുഷീർ ഖാന്റെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 126 പന്തുകൾ നേരിട്ട മുഷീർ 13 ബൗണ്ടറികളും 3 സിക്‌സറുകളുമടക്കം 131 റൺസ് മത്സരത്തിൽ നേടുകയുണ്ടായി. നായകൻ ഉദയ് സഹാറൻ (34), ആരവല്ലി ആവനിഷ് (17), സച്ചിൻ ദാസ് (15), പ്രിയാൻഷു മോലിയ (10), അർഷിൻ കുൽക്കർണി (9), മുരുകൻ അഭിഷേക് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നമൻ തിവാരി (3), രാജ് ലിംബാനി (2) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി മസൻ ക്ലർക്ക് നാല് വിക്കറ്റുകൾ വീഴ്‌ത്തി.
ഇന്ത്യയുടെ ബോളിംഗ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ന്യൂസിലൻഡ് ബാറ്റർമാർക്കായില്ല. നായകൻ ഓസ്‌കാർ ജാക്‌സനാണ് (19) ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ. എന്നാൽ മുഷീർ ഖാൻ ജാക്‌സനെയും അനായാസം പുറത്താക്കി. പിന്നീട് ഒരു വമ്പൻ പരാജയം ഒഴിവാക്കാനാണ് കിവികൾ ശ്രമിച്ചത്. എന്നാൽ അതിനും ഇന്ത്യൻ ബോളർമാർ സമ്മതിച്ചില്ല. മത്സരത്തിൽ കേവലം 81 റൺസിന് ന്യൂസിലാൻഡ് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യ മത്സരത്തിൽ 214 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.
19 റാക് കമ്മിംഗ് (16), അലക്സ് തോപ്സൺ (12) ജെയിംസ് നെൽസൺ (10) സ്നേഹിത് റെഡ്ഢി (0), ടോം ജോൺസ് (0), റയാൻ സർഗാസ് (0), എവാൾഡ് ഷ്ര്യൂഡർ (7), ഒളിവർ തെവാത്തിയ (7), സ്റ്റാക്പോൾ (5) എന്നിവരാണ് പുറത്തായ താരങ്ങൾ. മാസൻ ക്ലാർക്ക് (0) പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നാല് വിക്കറ്റുകൾ വീഴ്‌ത്തി. രാജ് ലിംബാനി, മുഷീർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നമൻ തിവാരി, അർഷിൻ കുൽക്കർണി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.















