കോഴിക്കോട്: പറയുന്നതൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ തങ്ങളുടേതാണെന്ന് പറയുന്ന പദ്ധതികളൊക്കെയും മോദി സർക്കാരിന്റേതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
‘കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് എത്ര ഫണ്ട് ലഭിച്ചെന്ന് പിണറായി സർക്കാർ ഒരിക്കലും പുറത്ത് പറയില്ല. കേന്ദ്രം അനുവദിച്ച റവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം ഇതുവരെയും പുറത്ത് പറഞ്ഞിട്ടില്ല. നിയമ സഭയിലും വ്യാജ പ്രചരണമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ ഏറ്റവുമധികം ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി.
പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മുഖ്യമന്ത്രിയാണ്. മോദിയുടെ ഗ്യാരന്റിയാണ് പുതിയ കേരളം.
പിണറായി സർക്കാർ അവകാശപ്പെടുന്ന എല്ലാ പദ്ധതികളും മോദി സർക്കാരിന്റെയാണ്. വടകര റെയിൽവേ സ്റ്റേഷനിലും കോടികളുടെ വികസന പദ്ധതികൾ നടക്കുന്നുണ്ട്. കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗന സമ്മതം നൽകുന്നയാളാണ്. നിയമ സഭയിൽപോലും മാസപ്പടികേസ് പരാമർശിക്കാൻ ആഗ്രഹിക്കാത്ത ആളാണ് വിഡി സതീശൻ.
ഭീകരവാദികളോട് മൃദു സമീപനം കേരളത്തിന് മാത്രമാണ്. മതഭീകരവാദികൾക്ക് വധശിക്ഷ കിട്ടിയതിനെതിരെ കഴിഞ്ഞ ദിവസം മുതൽ ചിലർ രംഗത്ത് വന്നിരുന്നു. ഇവരൊക്കെയും ഭീകരവാദികളെ സഹായിച്ചവരാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അണികൾ സിപിഎമ്മിലേക്കും ലീഗിലേക്കും ചേർന്നു.’- കെ.സുരേന്ദ്രൻ പറഞ്ഞു.















