റാഞ്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിൽ. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നാടകീയതയ്‌ക്കൊടുവിൽ സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻഡി സഖ്യത്തിന് വൻ തിരിച്ചടിയാണ് സേറന്റെ അറസ്റ്റ് നൽകിയിരിക്കുന്നത്. അഴിമതിയുടെ ഒരു തൂവൽ കൂടി പൊഴിഞ്ഞ് വീണുവെന്നാണ് ബിജെപി പരിഹസിച്ചത്.
ഇൻഡി സഖ്യത്തിലെ അഴിമതികൾ ഒന്നൊന്നായി പുറത്ത് വരുന്നുവെന്നും ഒരു തൂവൽ കൂടി പൊഴിഞ്ഞുവെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പ്രതികരിച്ചത്. അഴിമതി കേസിലൽ അറസ്റ്റിലായതിന് പിന്നാലെ സേറനെ സംരക്ഷിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും പൂനെവാല രൂക്ഷമായി വിമർശിച്ചു. നേരത്തെ ലാലു, സോണിയ, സോറൻ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് അലമുറയിട്ടിരുന്ന ആളാണ് ഇന്ന് കേഴുന്നത്. മദ്യനയ അഴിമതി കേസിന്റെ മുഖ്യസൂത്രധാരൻ കേജ്രിവാളാണ്, തന്നെയും തിരിഞ്ഞ് കൊത്തുമോയെന്ന ഭയം അദ്ദേഹത്തിനുണ്ടെന്നും ബിജെപി പരിഹസിച്ചു. മദ്യകുഭകോണ കേസിൽ, കേജ്രിവാൾ നാല് തവണയും സമൻസ് ഒഴിവാക്കിയിരുന്നു.
ഝാർഖണ്ഡിലെ ജനങ്ങൾക്ക് നീതി ലഭിച്ചെന്നാണ് ബിജെപി എംപി ദീപക് പ്രകാശ് പറഞ്ഞത്. നാല് വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെയും കുഭകോണത്തിന്റെയും ഹബ്ബാക്കി ഝാർഖണ്ഡിനെ മാറ്റി. മദ്യം കുഭകോണം, ഭൂമി കുഭകോണം, ഖനന കുഭകോണം എന്ന് തുടങ്ങി എല്ലാ അഴിമതികളുടെയും രാജാവായിരുന്നു അദ്ദേഹമെന്നും ദീപക് ആരോപിച്ചു. സോറനും അനുയായികളും ഝാർഖണ്ഡ് കൊള്ളയടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമന്ത് സോറൻ അറസ്റ്റിലായാൽ പകരം മുഖ്യമന്ത്രി കസേര ഭാര്യ കൽപന സോറന് കൈമാറുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും സേറന്റെ ഇഷ്ടക്കാരൻ ചംപൈ സോറനെയാണ് അധികാരമേൽപ്പിച്ചത്. നിലവിൽ ഹേമന്ത് സോറൻ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയാണ് ചെപൈ സോറൻ.















