ആലപ്പുഴ: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യൻ, സജിൻ, സജിത്ത് , അർജുൻ, ഇന്ദ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ജഗത് സൂര്യൻ ഹെൽമറ്റ് അടിച്ചതാണ് നന്ദു ശിവാനന്ദൻ കൊല്ലപ്പെട്ടത്. നന്ദുവിന്റെ കൂട്ടുകാരനായ സജിത്തും രണ്ടാം പ്രതി സജിനുമായി ഞായറാഴ്ച സന്ധ്യയ്ക്ക് ഒറ്റപ്പനയിലെ ക്ഷേത്രത്തിലെ പകൽപൂരത്തിനിടയിൽ അടിപിടി നടന്നിരുന്നു. തുടർന്ന് രാത്രി സജിത്തും നന്ദുവും മറ്റ് സുഹൃത്തുക്കളും തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് സമീപം നിൽക്കുമ്പോൾ പ്രതികൾ സജിത്തിനെ തടഞ്ഞു നിർത്തി പിന്നിൽ നിന്ന് ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചു. തടഞ്ഞ നന്ദുവിന്റെ തലയിൽ തുടർച്ചയായി അടിക്കുകയായിരുന്നു. പിടിഞ്ഞുവീണ നന്ദുവിനെ സംഘം ചേർന്ന് നിലത്തിട്ട് ചവിട്ടി. സാരമായി പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവും സംഘം ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ മാവേലിക്കര, ചെട്ടികുളങ്ങര ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ജഗത് സൂര്യന്റെ വീട്ടിൽ നിന്ന് ഹെൽമറ്റും കണ്ടെടുത്തിട്ടുണ്ട്.