ഒരുമിച്ച് ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി. ചൈനയിലെ കമിതാക്കളായ ഷാങ്ബോയും യേ ചെങ്ചെന്നുമാണ് പ്രതികൾ. 2020ൽ നവംബർ രണ്ടിലാണ് കേസിന് ആസ്പദമായ സംഭവം. ചോങ് ക്വിംഗ് എന്ന അപ്പാർട്ട്മെന്റിലായിരുന്നു ക്രൂരനരഹത്യ.
വിവാഹിതനായിരുന്ന ഷാങ്ബോ ഇതു മറച്ചുവച്ചുകൊണ്ട് യേ ചെങുമായി വിവാഹേതര ബന്ധം ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും ബന്ധം തുടങ്ങുന്നതും. പിന്നീട് ഭാര്യയായ ചെൻ മെയ്ലിന്നിൽ നിന്ന് ഷാങ്ബോ വിവാഹമോചനം നേടി. രണ്ടുവയസുകാരിയായ മകളും ഒരു വയസുകാരനായ മകനുമാണ് ഈ ബന്ധത്തിലുണ്ടായിരുന്നത്.
കുഞ്ഞുങ്ങൾ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് ഇവർ ദാരുണ കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പിന്നീട് ഇത് അപകടമെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നു. മനുഷ്യത്വ രഹിതമായ ക്രൂരതയാണെന്ന് വിലയിരുത്തിയ ചൈനീസ് സൂപ്രീം പീപ്പിൾസ് കോടതി 2021 ഡിസംബർ 28ന് ഇരുവർക്കും വധശിക്ഷ വിധിച്ചു.
അപ്പീലുകളിൽ വാദം നീണ്ടതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത് ഇത്രയും വൈകിയത്. ഒരു തവണ പോലും ഇവരുടെ കുറ്റകൃത്യത്തിന് അനുകൂലമായ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയാറായില്ല. ഇക്കഴിഞ്ഞ ദിവസമാണ് ഇരുവരെയും ലെതൽ ഇഞ്ചക്ഷനിലൂടെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.