എറണാകുളം: പൊതുജനങ്ങളോട് പോലീസ് മോശമായി പെരുമാറുന്നത് മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിലാണ് ഡിജിപിയുടെ വാദം.
തെരുവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും മാനസിക പിരുമുറുക്കങ്ങൾ ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലന്നും കോടതി വിമർശിച്ചു. പോലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലർ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അഭിഭാഷനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി കോടതിയെ അറിയിച്ചു.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് കാണിച്ചുള്ള ഡിജിപി ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഡിജിപി ഉത്തരവിറക്കിയത്. പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മാന്യമായി പെരുമാറാനും സഭ്യമായി രീതിയിൽ സംസാരിക്കാനും ഭരണഘടനാപരമായും നിയമപരമായും ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ പറയുന്നു.















