ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ച കോടതി നടപടിക്കെതിരെയും ജഡ്ജിക്കെതിരെയും വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അഞ്ച് കേസുകളിലായാണ് നാല് പേർ അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശിയായ നസീർ മോൻ, തിരുവനന്തപുരം സ്വദേശി റാഫി, ആലപ്പുഴ സ്വദേശി നവാസ്, അമ്പലപ്പുഴ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.
രൺജിത് വധക്കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകളിട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നിർദ്ദേശം നൽകി. ഇതിനെതിരെ സൈബർ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിരീക്ഷണം നടത്തിവരികയാണെന്നും അറിയിച്ചു. വിദ്വേഷ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.