തിരുവനന്തപുരം: എക്സാലോജിക് – സിഎംആർഎൽ വിവാദ ഇടപാടിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം. നിയമസഭയിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടാൻ കാരണം മടിയിൽ കനമുള്ളതു കൊണ്ടാണ്. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മകൾ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് സിഎംആർഎൽ മാസപ്പടി കൊടുത്തത് മുഖ്യമന്ത്രിയിൽ നിന്ന് വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കരിമണൽ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവന്നു. അതുകൊണ്ട് മുഖ്യമന്ത്രി പദവിയിലിരിക്കാൻ പിണറായി വിജയന് അർഹതയില്ല.
മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്തിന് ആത്മാർത്ഥതയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് വി.ഡി സതീശൻ ശ്രമിക്കുന്നത്. കോൺഗ്രസിലെ പല നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.