മൈസൂരു: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതിയുടെ ആരോപണം. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് നടുക്കുന്ന വെളിപ്പെടുത്തൽ യുവതി നടത്തിയത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം.
വിവാഹം കഴിഞ്ഞതിന് പിന്നാലെ വീട്ടിൽ പൂട്ടിയിട്ടുവെന്നാണ് യുവതിയുടെ ആരോപണം. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ”രാവിലെ ജോലിക്ക് പോകുന്ന ഭർത്താവ് വീട് പൂട്ടി പുറത്തുപോകും. വൈകിട്ട് കുട്ടികൾ സ്‌കൂൾ വിട്ട് വന്നാലും വാതിലിന് പുറത്ത് നിൽക്കേണ്ടി വരും. ജോലി കഴിഞ്ഞ് ഭർത്താവ് എത്തുമ്പോഴാണ് വീട് തുറക്കുക. അപ്പോൾ മക്കളും വീടിനകത്തേക്ക് പ്രവേശിക്കും.” – ഇതായിരുന്നു യുവതിയുടെ വാക്കുകൾ. ശുചിമുറി ഉപയോഗിക്കാൻ പോലും നേരാംവണ്ണം സാധിച്ചിരുന്നില്ലെന്നും ഒരു പെട്ടിക്ക് അകത്താണ് മലമൂത്ര വിസർജ്ജനം നടത്തിയിരുന്നതെന്നും യുവതി പറഞ്ഞു.
എന്നാൽ യുവതിയുടെ ആരോപണം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുവതി പുറത്തിറങ്ങിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഭർത്താവിനെതിരെ പരാതിയില്ലെന്നാണ് യുവതിയുടെ പക്ഷം. തുടർന്ന് യുവതി മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും ചെയ്തു. ആരോപണ വിധേയനായ ഭർത്താവിന്റെ മൂന്നാം ഭാര്യയാണ് യുവതി.