വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അൽ മയാദീന് സമീപം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് ഇറാൻ അനുകൂല തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റേയും ഇവർ പിന്തുണയ്‌ക്കുന്ന തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള 85ലധികം ഇടങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. ജോർദാനിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും, 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക ഇറാഖിലേയും സിറിയയിലേയും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന ഇടങ്ങൾ, ആയുധ സംഭരണ ശാലകൾ, അവ വിതരണം നടത്തുന്ന ഇടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 85ലധികം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.
സിറിയൻ-ഇറാഖ് അതിർത്തിയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തങ്ങളുടെ ആളുകൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സൈനികരെ ലക്ഷ്യമിട്ടതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ജോർദാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹങ്ങൾ ഇന്നലെ ഡെലവെറിലെ ഡോവർ എയർഫോഴ്സ് ബേസിൽ എത്തിച്ചിരുന്നു. ഇവിടെ നടന്ന ചടങ്ങുകളിൽ ജോ ബൈഡനും പെന്റഗണിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.