ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ. ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തമിഴ് ചിത്രമായ ഗരുഡൻ സിനിമയുടെ തിരക്കിലാണ് ഉണ്ണിമുകുന്ദൻ. സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരുമായി താരം പങ്കുവയ്‌ക്കുന്നത്.
” ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക്. ഗരുഡൻ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയായി. ചിത്രം ഉടനെ തിയേറ്ററുകളിലേക്ക് എത്തും”- ഉണ്ണിമുകുന്ദൻ കുറിച്ചു. സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിലൂടെയാണ് സിനിമയുടെ പുതിയ വിശേഷം താരം പങ്കുവച്ചത്. ഇതിനൊപ്പം സിനിമയിൽ നിന്നുള്ള താരത്തിന്റെ ചിത്രവും പങ്കുവച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണെന്നും ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രംഗത്തെത്തി.
വെട്രിമാരന്റെ തിരക്കഥയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ശശി കുമാറും സൂരിയുമാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയിൽ ശശി കുമാറിന്റെ സഹോദരനായിട്ടാണ് ഉണ്ണി എത്തുന്നത്. ഇവരുടെ വിശ്വസ്തനായ ജീവനക്കാരനായിട്ടാണ് സൂരി എത്തുന്നത്. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് ഗരുഡൻ നിർമ്മിക്കുന്നത്.