വിശാഖപട്ടണം; ജയിംസ് ആൻഡേഴ്സന്റെ വെല്ലുവിളിക്ക് ഇന്ത്യൻ സ്പിൻ ത്രയത്തിന്റെ മറുപടി. വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 292 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. മൂന്നാം മത്സരം രാജ്കോട്ടിൽ 15ന് ആരംഭിക്കും. 70 ഓവറിനകം ഇന്ത്യയുയർത്തിയ വിജയലക്ഷ്യം മറികടക്കുമെന്നായിരുന്നു ആൻഡേഴ്സന്റെ വെല്ലുവിളി. എന്നാൽ 69.2 ഓവറിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഇന്ത്യക്കായി.
രവിചന്ദ്രൻ അശ്വിൻ നയിച്ച സ്പിൻ ത്രയമാണ് ഇംഗ്ലണ്ട് ധാർഷ്ട്യത്തിന്റെ മുനയൊടിച്ചത്. മൂന്ന് വിക്കറ്റുമായി അശ്വിനൊപ്പം ബുമ്രയും ഫോം തുടർന്നപ്പോൾ മുകേഷ് കുമാറിനും അക്സറിനും കുൽദീപിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. 76 റൺസ് നേടിയ സാക് ക്രൗളിയാണ് ടോപ്പ് സ്കോറർ. നാലാം ദിനം 1ന് 67 എന്ന നിലയിൽ ചേസിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാൽ മദ്ധ്യനിരയും വാലറ്റവും അലക്ഷ്യമായി കളിച്ചതാണ് അവർക്ക് വിനയായത്.
റഹാൻ അഹമ്മദ്(23), ഒല പോപ്പ്(23), റൂട്ട് (16), ജോണി ബെയ്ർസ്റ്റോ (26) ബെൻ സ്റ്റോക്സ്(11), ബെൻ ഫോക്സ് (36) ഷൊയ്ബ് ബഷീർ(0),ടോം ഹാർട്ലി(36) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയും ജയ്സ്വാളിന്റെ ഇരട്ട ശതകവുമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.















