ചെങ്കടലിലെ സംഘർഷ സാഹചര്യം ആശങ്കാജനകം; ഒമാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി എസ്.ജയശങ്കർ

Published by
Janam Web Desk

ന്യൂഡൽഹി: ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോൺ സംഭാഷണം നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ചെങ്കടലിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചതായും എസ് ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുന്നതിനെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ചെങ്കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയവും ചൂണ്ടിക്കാട്ടി. സമുദ്ര വാണിജ്യ ഗതാഗതത്തിനുള്ള ഭീഷണികൾ ഇന്ത്യയുടെ ഊർജ, സാമ്പത്തിക താത്പ്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ്, ഇറാൻ വിദേശകാര്യമന്ത്രി, യുഎഇ പ്രസിഡന്റ് എന്നിവരുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യൻ നാവികസേന എല്ലായ്‌പ്പോഴും സജീവമാണെന്നും, മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും അവർ പിന്തുണ നൽകുന്നുണ്ടെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ യെമനിലെ ഹൂതി വിമതർ ലക്ഷ്യമിട്ട് തുടങ്ങിയത്. ഇസ്രായേലിന്റേയും ഇവരെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകളേയുമാണ് ഹൂതി വിമതർ ആക്രമിക്കുന്നത്. യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ പിന്മാറുന്നത് വരെ മേഖലയിൽ നിന്ന് പിന്മാറില്ലെന്നുമാണ് ഹൂതികളുടെ നിലപാട്.

വാണിജ്യ കപ്പലുൾക്ക് ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ലാതായതോടെ ഹൂതികൾക്കെതിരെ യുഎസും യുകെയുമുൾപ്പെടെയുള്ള രാജ്യങ്ങൾ എത്തിയിരുന്നു. ചെങ്കടലിൽ നിന്ന് പിന്മാറണമെന്ന മുന്നറിയിപ്പ് നൽകിയെങ്കിലും, അംഗീകരിക്കില്ലെന്ന് ഹൂതികളും നിലപാട് എടുത്തു. ഇതോടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടണും പല ഘട്ടങ്ങളിലായി സംയുക്തമായി വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.

Share
Leave a Comment