ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോൺ. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളിൽ ഉചിതമായ കാലയളവിൽ വായ്പ അടച്ചു തീർക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. എടുത്ത പണത്തിനു മാത്രം പലിശ നൽകിയാൽ മതിയാവും. വായ്പ അനുവദിക്കുമ്പോൾ ലഭിക്കുന്ന മുദ്രാ കാർഡ് കൊണ്ട് ആവശ്യാനുസരണം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യാം.
എങ്ങനെ ലഭിക്കും
- നിലവിലുള്ള സംരംഭങ്ങൾക്കും വായ്പ ലഭിക്കും
- പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ, ഉദ്യോഗ് ആധാർ അല്ലെങ്കിൽ എംഎസ്എംഇ ലൈസൻസ് എടുത്തിരിക്കണം
- പഞ്ചായത്ത് / മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ്
- പദ്ധതിയുടെ 70%- 80% ശതമാനം വരെ ബാങ്കിൽ നിന്നും ലഭിക്കും ബാക്കി തുക സംരംഭകർ മുടക്കണം.
മുദ്ര ലോൺ മൂന്ന് വിധം
1. ശിശു ലോൺ- 50,000 രൂപ വരെ
2. കിഷോർ ലോൺ- 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ
3. തരുൺ ലോൺ- 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ
ആർക്കാണ് വായ്പ ലഭിക്കുക
- ഉൽപ്പന്ന നിർമാണം, സേവന മേഖല, വ്യാപാര- വാണിജ്യ മേഖല, ഡയറി, മീൻ-കോഴി- തേനിച്ച വളർത്തൽ, പട്ടു വ്യവസായം മുതലായ സംരംഭങ്ങൾക്ക് വായ്പ ലഭിക്കും
- വനിതാ- പട്ടികജാതി സംരംഭകർക്ക് പദ്ധതിയിൽ മുൻഗണനയുണ്ട്
അപേക്ഷിക്കേണ്ടത്
www.mudra.org.in -ലും അടുത്തുള്ള പൊതുമേഖല ബാങ്കുകളിലും ഷെഡ്യൂൾസ് ബാങ്കുകളിലും വിശദാംശങ്ങൾ ലഭിക്കും.