കേപ്ടൗൺ: കൗമാര ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സച്ചിൻ ദാസിന്റെയും ഉദയ് സഹറാന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ കടത്തിയത്. സെഞ്ച്വറിക്ക് നാലു റൺസ് അകലെ സച്ചിൻ വീണെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഉദയ് നിലവിലെ ചാമ്പ്യന്മാരെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. ഓരോവർ ബാക്കി നിൽക്കെ രണ്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
അഞ്ചാം വിക്കറ്റിൽ സഹറാൻ- സച്ചിൻ സഖ്യം നേടിയ 171 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്.നേരിട്ട ആദ്യ പന്തിൽ തന്നെ ആദർശ് സിംഗിനെ നഷ്ടമായി. തൊട്ടുപിന്നാലെ മുഷീർ ഖാൻ 4 റൺസുമായി കൂടാരം കയറി. 11 ഓവറിനിടെ 4ന് 32 ലേക്ക് വീണു. തുടർന്ന് ക്രീസിൽ ഒന്നിച്ച സച്ചിൻ സഹറാൻ സഖ്യം ഫൈനൽ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു.
95 പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 96 റൺസുമായി പുറത്താകുമ്പോൾ ഇന്ത്യ മികച്ച നിലയിലായിരുന്നു. അര്‍ഷിന്‍ കുല്‍ക്കര്‍ണി(12), പ്രിയാന്‍ഷു മോലിയ(5),അരവെല്ലി അവനിഷ് (10), മുരുഗൻ അഭിഷേക് (0) എന്നിവരാണ് പുറത്തായ താരങ്ങൾ. ക്യാപ്റ്റൻ ഉദയ് സഹറാൻ (81) വിജയത്തിന്റെ പടിവാതിൽക്കൽ വീണെങ്കിലും രാജ് ലിംബാനി (9) ഇന്ത്യയെ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ചു. നായകൻ തന്നെയാണ് കളിയിലെ താരം. ക്വെന എംഫാക്കയും ട്രിസ്റ്റൻ ലസ്സും മൂന്നു വീതം വിക്കറ്റ് നേടി ഇന്ത്യയെ വിറപ്പിച്ചെങ്കിലും യുവനിരയുടെ ചെറുത്ത് നിൽപ്പ് ഇതിനെ അതിജീവിച്ചു.















