കോഴിക്കോട്: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലെ കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ഏഴ് ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി ലൈസൻസ് അനുവദിച്ചത്. ലൈസൻിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും പി.വി അൻവർ വില്ലേജ് ഓഫീസിൽ അടച്ചിട്ടുണ്ട്. പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും വീശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ലെന്നുമാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ലൈൻസ് ഉണ്ടോയെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്. ലൈസൻസ് ഇല്ലെന്ന കാരണത്താൽ കളക്ടർ അടച്ച് പൂട്ടിയ പാർക്കാണ് സർക്കാർ പിന്തുണയോടെ ഇപ്പോഴും പ്രവർത്തിക്കുന്നത്.