തൃശൂർ: ഹരിത കർമ്മ സേനാംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂർ സ്വദേശിനി പ്രജിതയാണ് പരാതി നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നായയെ വിട്ട് കടിപ്പിച്ചു എന്നാണ് പരാതി. നായയെ പട്ടിയെന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ പെൺകുട്ടി പ്രജിതയെ മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.
ഹരിത കർമ്മസേനയിലെ മറ്റ് അംഗങ്ങളെത്തിയാണ് പ്രജിതയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാനുള്ള നീക്കത്തിലാണ്. പ്രദേശത്ത് നേരത്തെയും ഹരിത കർമ്മസേനാ അംഗങ്ങൾക്കെതിരെ സമാന രീതിയിൽ അക്രമം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.