പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും ഔദ്യോഗിക ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് പാർട്ടിക്ക് 144 ലേറെ സീറ്റുകളിൽ വ്യക്തമായ ലീഡുണ്ടെന്നാണ് അവരുടെ അനുയായികൾ വ്യക്തമാക്കുന്നത്. ഔദ്യോഗിക ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിച്ചതിനാൽ ഇമ്രാൻ അനുകൂലികൾ സ്വതന്ത്രരായാണ് മത്സരിച്ചത്.
ഇതിൽ മിക്കവരും ലീഡ് ചെയ്യുന്ന കാര്യം പ്രാദേശിക ടിവി ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. അട്ടിമറി ഭയക്കുന്ന ഇമ്രാൻ ഖാൻ എല്ലാവരും ശാന്തരായിരുന്നു ജാഗ്രത പുലർത്തണമെന്ന് ജയിലിൽ നിന്ന് അനുയായികൾക്ക് നിർദ്ദേശം നൽകി. ഇതിനിടെ ഇമ്രാൻ അനുകൂലികളായ സ്ഥാനാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇൻ്റർനെറ്റ് സേവനം ഇല്ലാതാക്കിയതിനാൽ വോട്ടണ്ണെൽ ഏറെ വൈകുമെന്നാണ് വിവരം.
പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് പാർട്ടി അധികാരത്തിലേറുമെന്നാണ് പ്രതീക്ഷക്കപ്പെട്ടിരുന്നതെങ്കിലും പട്ടാളം പിന്തുണയ്‌ക്കുന്ന അവർക്ക് വലിയ തിരിച്ചടിയാണ് വോട്ടെടുപ്പിൽ ലഭിച്ചതെന്നാണ് സൂചന. വോട്ടെടുപ്പ് ദിനത്തിൽ നടന്ന 51ലേറെ ഭീകരാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 137,000 സുരക്ഷ ഉദ്യോഗസ്ഥരാണ് 6,000 പോളിംഗ് സ്റ്റേഷനുകളിൽ സുരക്ഷയൊരുക്കിയത്.