കോട്ടയം: മാസപ്പടി കേസിൽ ഏതന്വേഷണവും നേരിടുമെന്ന് പറഞ്ഞവർ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാനത്തെ ഭരണമാണെന്ന് മനസിലാക്കി സിപിഎം നാടാകെ കൊള്ളയടിക്കുന്നുവെന്നും കോൺഗ്രസ് അതിന് കൂട്ടിനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മകളും എന്തിനാണ് അന്വേഷണത്തെ തടസപ്പെടുത്തുന്നത്. കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ളത് പ്രതിപക്ഷ നേതാവിന്റെ വളഞ്ഞ ബുദ്ധിയാണ്. ഇതിന് എത്ര മാസപ്പടി വിഡി സതീശനും കിട്ടിയിട്ടുണ്ടെന്ന് അറിയേണ്ടതുണ്ട്. പിണറായിക്കും മകൾക്കും കിട്ടിയതിനേക്കാൾ വലിയ തുക കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണം തടസപ്പെടുത്തുന്നത് പാർട്ടിയുടെ നയമാണ്. ഇതിന് സീതാറാം യെച്ചൂരിയും എംവി ഗോവിന്ദനും ഉത്തരം പറയണം. അധികാര ദുർവിനിയോഗമാണ് പിണാറായി നടത്തുന്നത്. അടിമുടി ദുരൂഹത നിറഞ്ഞ കേസാണിത്. കേസ് തെളിയുമ്പോൾ യുഡിഎഫ് നേതാക്കളുടെ ഉൾപ്പെടെ മുഖമൂടി അഴിഞ്ഞ് വീഴും.
മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിന് ഭയക്കണം. ഒരു വ്യക്തിക്ക് വേണ്ടി പാർട്ടി നയങ്ങൾ ബലികഴിക്കുകയാണെങ്കിൽ ഇവർ കാശിക്ക് പോകുന്നതാണ് നല്ലത്. തുർക്കിയിലെ ക്രിസ്ത്യൻ പള്ളി മുസ്ലീം പള്ളിയാക്കുന്നതിൽ ഗോവിന്ദനും സതീശനും ഒന്നും പറയാനില്ല. പാലയൂർ പള്ളി വിഷയം ബിജെപിയുടെ നിലപാടല്ല. എല്ലാ പള്ളിയുടെയും അടിയിൽ എന്തെന്ന് ചികയേണ്ടതില്ലെന്ന് സർസംഘചാലക് വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.