തിരുവനന്തപുരം: എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. രാഷ്‌ട്രീയ പ്രേരിതമായ കേസാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കും എക്‌സാലോജിക്കിനും എതിരെ നടക്കുന്നതെന്നാണ് പാർട്ടി വിശദീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയോജക മണ്ഡലം ശിൽപശാലയിൽ വിതരണം ചെയ്യുന്ന രേഖയിലാണ് വെള്ളപൂശുന്ന ക്യാപ്‌സൂളുകൾ.
മാസപ്പടി കേസിൽ വീണയ്‌ക്കും എക്‌സാലോജിക്കിനും ചുറ്റും കനത്ത പ്രതിരോധമാണ് സിപിഎം തീർക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ എക്‌സാലോജിക് തിരഞ്ഞെടുപ്പ് വിഷയമാകാതിരിക്കാനാണ് നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന ശിൽപശാലകളിൽ അച്ചടിച്ചിറക്കിയ കുറിപ്പുമായെത്തി നേതാക്കൾ വിശദീകരണം നൽകുന്നത്.
മുഖ്യമന്ത്രിക്കെതിരെ എന്ന തലക്കെട്ടിന് താഴെയാണ് എക്‌സാലോജിക് ഇടപാടിനെ കുറിച്ച് വ്യക്തമാക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബാങ്ക് വഴിയാണ് എക്‌സാലോജിക് ഇടപാടുകൾ നടത്തിയത്. ഇതിനെ വക്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വിഷയത്തിൽ കമ്പനിക്ക് പോലും പരാതിയില്ല. വാദം കേൾക്കാതെയാണ് വിവാദം ഉയർത്തുന്നത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് രാഷ്‌ട്രീയ അജണ്ടയായി അവർ ഉയർത്തുന്നതെന്നും രേഖയിൽ പറയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ള സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് മണ്ഡലങ്ങൾ തോറുമുള്ള ശിൽപ്പശാലകൾക്ക് നേതൃത്വം നൽകുന്നത്.















