തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി. സിപിഐ സംസ്ഥാന കൗൺസിലിനിടെയാണ് അംഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി എഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു വിമർശനം. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്കും സപ്ലൈകോയ്‌ക്കും ബജറ്റിൽ വേണ്ടത്ര പണം അനുവദിക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. സംസ്ഥാന ബജറ്റിലെ പരാമർശങ്ങളോടുള്ള വിയോജിപ്പുകളും കൗൺസിലിൽ ഉയർന്നു.
മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾക്കാനും കോടികളാണ് ചിലവിടുന്നതെന്നും സംസ്ഥാനത്ത് ആഡംബരത്തിനും ധൂർത്തിനും യാതൊരു കുറവുമില്ലെന്നും സിപിഐ കൗൺസിലിൽ വിമർശനമുയർന്നു. ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള കൂടിയാലോചനകൾ ഇല്ലാതെ പോയതിലുള്ള നിരാശയും സിപിഐ അംഗങ്ങൾ രേഖപ്പെടുത്തി. വിദേശ സർവ്വകലാശാല വിഷയത്തിൽ നയ വ്യതിയാനമാണ് സിപിഎം കാണിച്ചതെന്ന വിമർശനം ഇടതു മുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.















