ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായി ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് റഷ്യ. ഐക്യരാഷ്‌ട്രസഭയിലും അവയുടെ കീഴിലുള്ള ഏജൻസികളിലും കാലാനുസൃമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ആവശ്യപ്പെട്ടു. സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി തന്നെ പിന്തുണയ്‌ക്കുകയാണ്. ആഗോളതലത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിലും കൃത്യമായ സംഭാവന നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമെന്ന നിലയിൽ തങ്ങൾക്ക് പറയാനുള്ളതെന്നും ഡെനിസ് അലിപോവ് പറയുന്നു.
” ഇന്ത്യയ്‌ക്ക് സ്ഥിര അംഗത്വം നൽകണമെന്ന ആവശ്യത്തിന് ഞങ്ങൾ എല്ലാക്കാലത്തും പിന്തുണ നൽകിയിരുന്നു. രണ്ട് തവണ ജി20 അദ്ധ്യക്ഷസ്ഥാനം അവർക്ക് ലഭിച്ചു. മികച്ച പ്രൊഫഷണലിസവും നയതന്ത്ര ബന്ധത്തിലെ മികവുമെല്ലാം ഇവിടെ കാണാൻ സാധിച്ചു. അന്താരാഷ്‌ട്ര തലത്തിൽ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും കൃത്യമായ പരിഹാരം കാണാനും സമവായം നിർദ്ദേശിക്കാനും അവർക്ക് സാധിക്കുമെന്ന് തെളിയിച്ച് കഴിഞ്ഞതാണ്
ഇന്ത്യയും റഷ്യയും തന്ത്രപരമായ പങ്കാളിത്തം നിലനിർത്തുന്ന രാജ്യങ്ങളാണ്. ഈ ബന്ധത്തിലെ പ്രധാന ബിന്ദു എന്ന് പറയുന്നത് പ്രതിരോധ സഹകരണമാണ്. സംയുക്ത സൈനികാഭ്യാസം, സാങ്കേതിക കൈമാറ്റം, സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനം എന്നിവയിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇന്ത്യയിലേക്കുള്ള സൈനിക ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരിലൊരാളാണ് റഷ്യ. പ്രതിരോധ സഹകരണത്തിന് പുറമെ ഊർജ്ജ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ശക്തിപ്പെടുത്തുന്നു. റഷ്യയുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം തമിഴ്നാട്ടിൽ നിർമിക്കാനൊരുങ്ങുന്നതെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.