തൃശൂർ: വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാനായി കേരളവും കർണാടകയും ചേർന്ന് ഒരു ഇന്റർ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. തൃശൂരിൽ നടന്ന വനം വകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് വയനാട്ടിലേക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി 15 ന് കർണാടകയുമായി ചേർന്ന് ഏകോപന കമ്മിറ്റി രൂപീകരിച്ച് യോഗം ചേരും. കർണാടക വനം വകുപ്പുമായി കേരളത്തിന് ഏകോപനമില്ലാത്തതും, അതിർത്തി കടന്നെത്തിയ ആനയെ നിരീക്ഷിക്കുന്നതിൽ വനം വകുപ്പിന് ഉണ്ടായ വീഴ്ചയും യോഗത്തിൽ ചർച്ച ചെയ്യും. മൂന്ന് വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് മനമുക്കിൽ സ്പെഷ്യൽ സെൽ ആരംഭിക്കും. വയനാട്ടിൽ സ്പെഷ്യലായി രണ്ട് ആർആർടി കൂടി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആനയുടെ റേഡിയോ കോളറിൽ നിന്ന് കേരളത്തിന് നേരിട്ട് സിഗ്നൽ ലഭിക്കാനുള്ള സംവിധാനമില്ല. അന്തർ സംസ്ഥാന വിഷയമായതിനാൽ ഈ സംഭവത്തിൽ കൂടുതലായി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ പുതുതായി രൂപീകരിക്കുന്ന അന്തർ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി പരിശോധിക്കട്ടെ എന്നും എകെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തും അതിർത്തി പ്രദേശങ്ങളിലുള്ള വനങ്ങളിലും റേഡിയോ കോളർ ഘടിപ്പിച്ച എത്ര ആനകൾ ഉണ്ടെന്ന് വ്യക്തമല്ല. നിലവിൽ രണ്ട് ആനകളുടെ കാര്യം മാത്രമേ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളു. വിവരങ്ങളും കണക്കുകളും കൈമാറുന്നതിൽ പോരായ്മയുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു.