ദോഹ: ഏഷ്യൻകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യന്മാരായി ഖത്തർ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഖത്തറിന്റെ ജയം. ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ഖത്തറിനെ ചാമ്പ്യന്മാരാക്കിയത്. യാസൻ അൽ നയ്മത്താണ് ജോർദാന് വേണ്ടി ഗോൾ നേടിയത്.
തുടക്കം മുതലേ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് കളിച്ചത്. 21-ാം മിനിറ്റിൽ ബോക്സിനുള്ളിൽവെച്ച് ജോർദാൻ താരം നസീബ്, അക്രം അഫീഫിനെ ഫൗൾ ചെയ്തു. പിന്നീട് വാർ പരിശോധനയിൽ പെനാൽറ്റി ആണെന്ന് തെളിയുകയായിരുന്നു. അക്രം അഫീഫ് തന്നെയാണ് പെനാൽറ്റി കിക്കെടുത്തത്. കിക്ക് കൃത്യമായി തന്നെ വലകുലുക്കി.
എന്നാൽ രണ്ടാംപകുതിയിലെ 67-ാം മിനിറ്റിൽ ജോർദാൻ മത്സരത്തിലേക്ക് തിരിച്ചെത്തി. യാസൻ അൽ നയ്മത്തി ജോർദാനായി വലകുലുക്കി. പക്ഷേ സന്തോഷത്തിന് അധിക ആയുസ്സുണ്ടായിരുന്നില്ല. ഖത്തറിന് അനുകൂലമായി വീണ്ടും പെനാൽറ്റി. ഇത്തവണയും ലക്ഷ്യത്തിലെത്തിച്ചത് അക്രം അഫീഫ് തന്നെയായിരുന്നു. രണ്ടാം പകുതിയുടെ അധികസമയത്ത് ഖത്തറിനെ തേടി വീണ്ടും പെനാൽറ്റി കിക്ക്. കിക്കെടുത്ത് ഇതും അഫീഫ് ലക്ഷ്യത്തിലെത്തിച്ചു. ഖത്തറിനെതിരെ, മികച്ച പ്രകടനമാണ് ജോർദാൻ കാഴ്ചവെച്ചത്. അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതാണ് ഖത്തറിന് തിരിച്ചടിയായത്.