ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിലേക്ക് ഒരു സർപ്രൈസ് താരം കൂടി. മലയാളി താരം ദേവദത്ത് പടിക്കൽ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇടംപിടിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ കെ.എൽ രാഹുൽ അതിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. ഇതാണ് മലയാളി താരത്തിന് നറുക്ക് വീണത്. കർണാടകയ്‌ക്കായി രഞ്ജിയിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. രാജ്കോട്ട് ടെസ്റ്റിൽ താരത്തിന് അവസരം ലഭിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.
അതേസമയം ഇതുസംബന്ധിച്ച് ബിസിസിഐയുടെ ഓദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിൽ കളിച്ച രാഹുൽ 86,22 എന്നിങ്ങനെ സ്കോർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യ 28 റൺസിന് തോറ്റിരുന്നു. വൈസാഗിലെ രണ്ടാം ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ ജഡേജയും രാഹുലും കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. സൗരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 15 മുതലാണ് മത്സരം. സർഫറാസ് ഖാന് അവസരം നൽകാൻ ഇന്ത്യ തയാറായേക്കും.