തിരുവനന്തപുരം: ഖത്തറിൽ നിന്നും ജയിൽ മോചിതനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ രാഗേഷ് ഗോപകുമാറിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണത്തെ രാഗേഷിന്റെ വസതിയിലെത്തിയാണ് അദ്ദേഹം സന്ദർശിച്ചത്. പ്രഭാരി പ്രകാശ് ജാവദേക്കറോടൊപ്പമാണ് സുരേന്ദ്രൻ ബാലരാമപുരത്തെത്തിയത്. വി.വി. രാജേഷും സന്ദർശനവേളയിൽ സന്നിഹിതനായിരുന്നു.
പതിനെട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ ഖത്തർ തയാറായത്. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഖത്തർ സ്വതന്ത്രരാക്കിയത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ഒറ്റ ഇടപെടൽ കൊണ്ടാണ് താൻ വീട്ടിലെത്തിയതെന്നും അതിൽ പ്രധാനമന്ത്രിയോട് കടപ്പാടുണ്ടെന്നും’ രാഗേഷ് ഗോപകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സംഭവത്തിൽ ഖത്തർ ഭരണകൂടവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരന്തരമായി ബന്ധപ്പെട്ടിരുന്നു. നാവികരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണയും നിയമസഹായവും മോദി സർക്കാർ ഉറപ്പാക്കുകയും ചെയ്തു. ഖത്തർ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതോടെയാണ് കേസിൽ പുരോഗതികൾ ആരംഭിച്ചത്. ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു രാജ്യം കാത്തിരുന്ന സുപ്രധാന തീരുമാനത്തിലെത്തിയത്.















