ബിജെപി എന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണെന്നും ബിജെപിയോട് ഒരു തൊട്ടുകൂടായ്മയും വെയ്‌ക്കേണ്ട ആവശ്യമില്ലെന്നും നടൻ ഹരീഷ് പേരടി. ബിജെപിക്ക് വോട്ട് ചെയ്യും എന്ന് പറയാൻ തനിക്ക് അവകാശമുണ്ട്. നല്ലത് ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്‌ട്രീയം എന്നത് കലാകാരന്റെ രാഷ്‌ട്രീയമാണെന്നും ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരീഷ് പേരടി വ്യക്തമാക്കി.
“എന്റെ രാഷ്‌ട്രീയം കലാകാരന്റെ രാഷ്‌ട്രീയമാണ്, വിരൽ ചൂണ്ടുന്ന രാഷ്‌ട്രീയമാണ്, പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയമാണ്. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയം എന്നു പറഞ്ഞാൽ ഏതെങ്കിലും പാർട്ടിയുടെ രാഷ്‌ട്രീയമല്ല. എത് സമയത്തും പ്രതിപക്ഷത്തിരിക്കുന്ന രാഷ്‌ട്രീയമാണ് കലകാരന്റെ രാഷ്‌ട്രീയം. രാഷ്‌ട്രീയത്തിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങളൊന്നും ഞാൻ എണ്ണാറില്ല. പിണറായി സർക്കാരിനോട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് അത് ചൂണ്ടിക്കാണിക്കും. പ്രധാനമന്ത്രിയെയും ഞാൻ വിമർശിച്ചിട്ടുണ്ട്. നല്ല കാര്യങ്ങൾ ചെയ്തപ്പോൾ നരേന്ദ്രമോദിയെ ഞാൻ പിന്തുണച്ചിട്ടുമുണ്ട്”.
“കൊച്ചി മെട്രോ കാക്കനാട്ടേയ്‌ക്ക് നീട്ടുന്നു എന്നതിൽ എനിക്ക് സന്തോഷം ഉണ്ടായി. അതുകൊണ്ട് ഞാൻ പ്രധാനമന്ത്രിയെ അനുകൂലിച്ചു. വന്ദേഭാരത് കേരളത്തിന് അനുവദിച്ച് കിട്ടുന്നു, റെയിൽവേയുടെ വളവുകൾ നേരെയാക്കുന്നു, സ്പീഡ് കൂടുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞു. എന്തേ, എനിക്കത് പറയത്തില്ലേ? ബിജെപി എന്നു പറയുന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്. ബിജെപി എന്ന പാർട്ടിയെ തൊട്ടുകൂടായ്മയായി കാണേണ്ട കാര്യമില്ല. എന്തെങ്കിലും ഒന്ന് പറഞ്ഞാൽ കേരളത്തിൽ സംഘിയാക്കും. ഇങ്ങനെ സംഘിയാക്കി തുടങ്ങിയാൽ അവസാനം അതിൽ ദുഃഖിക്കേണ്ടി വരും. ഇങ്ങനെയാണങ്കിൽ എല്ലാ ആളുകളും ഒരുപക്ഷേ സംഘിയായി മാറും”- ഹരീഷ് പേരടി പറഞ്ഞു.