അബുദാബി: അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായതിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിനോടുള്ള യുഎഇയുടെ സ്നേഹവും ആദരവുമാണിത് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാപ്സ് ഹിന്ദു ക്ഷേത്രം ഉയരാൻ സഹായിച്ചത് യുഎഇ പ്രസിഡന്റിന്റെ സ്നേഹവും പിന്തുണയുമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
“ഭാരതത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെയും യുഎഇയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്റെയും പ്രതിഫലനമായാണ് ഇവിടെ ബാപ്സ് ക്ഷേത്രം ഉയർന്നത്. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.
നമ്മൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, ഞാൻ ലളിതമായ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. അന്ന് നിങ്ങളെന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഇവിടുത്തെ ഏത് ഭൂമിയിൽ വിരൽ വച്ചാലും അത് നിങ്ങൾക്ക് ലഭിക്കുന്നതാണ്’- എന്നായിരുന്നു അന്ന് നിങ്ങൾ എന്നോട് പറഞ്ഞത്. അത്രമാത്രം സ്നേഹവും വിശ്വാസ്യതയുമാണ് നമ്മുടെ ബന്ധത്തിനുള്ളത്. ” പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഇരു നേതാക്കളും അഞ്ച് തവണയാണ് കണ്ടുമുട്ടിയത്. ഇതിൽ നിന്ന് ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇവിടെ വരാനുള്ള അവസരം നിരവധി തവണ എനിക്ക് ലഭിച്ചു. ഓരോ മേഖലയിലും നമ്മൾ നേടിയ പുരോഗതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവുമാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ മേഖലകളിലും ഇന്ത്യയും യുഎഇയും തമ്മിൽ സംയുക്ത പങ്കാളിത്തമുണ്ട്. നാമൊരുമിച്ച് നിരവധി സുപ്രധാന തീരുമാനങ്ങളാണ് സ്വീകരിക്കാൻ പോകുന്നത്.
അതുപോലെ തന്നെ, എന്റെ ക്ഷണമനുസരിച്ച് എന്റെ നാട്ടിലേക്ക് വന്ന യുഎഇ പ്രസിഡന്റിന് അകമഴിഞ്ഞ നന്ദിയറിയിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിങ്ങളുടെ സാന്നിധ്യത്തിന് കഴിഞ്ഞു. ഉച്ചകോടിയുടെ ജനപ്രതീ പതിന്മടങ്ങായി വർദ്ധിച്ചു. നിങ്ങളുടെ സന്ദർശനവും പ്രഭാഷണവും ഭാരതീയരെ പ്രോത്സാഹിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.