അബുദാബി: ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പുതിയ അദ്ധ്യായമാണ് ഇവിടെ തുറക്കുന്നതെന്ന് വിദ്യാർത്ഥികളെ കണ്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും യുവാക്കളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും അബുദാബി ക്യാമ്പസ് സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും അബുദാബി ഡിപ്പാർട്ട്മെൻ്റിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2022 ഫെബ്രുവരിയിലായിരുന്നു ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.
ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിന്റെ പ്രഥമ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിലൂടെ സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സാധിക്കും.