ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ഏറെ തേടിയെങ്കിലും കാലം കടന്നുപോകുംതോറും കുടുംബത്തിന്റെ പ്രതീക്ഷയും നശിച്ചു. എന്നാൽ പെട്ടെന്നൊരു ദിവസം കൊൽക്കത്തയിൽ ഒരു മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് കുടുംബത്തിനൊരു ഫോൺകോൾ ലഭിച്ചു. പിന്നാലെ ഗീതയുടെ കുടുംബം കൊൽക്കത്തയിലേക്ക് തിരിച്ചു.ഇവരെ സഹായിക്കാൻ പഞ്ച്മഹൽ ജില്ലാ പോലീസും ഒപ്പമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ, അവർ ഗീത ബാരിയയെ അവളുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരും.
ഫെബ്രുവരി 10 നാണ് കൊൽക്കത്തയിലെ പാവ്‌ലോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർ പഞ്ച്മഹൽ ജില്ലാ പോലീസ് കൺട്രോൾ റൂമിലെത്തി, ബോധം വീണ്ടെടുത്ത ഗീതയെക്കുറിച്ച് അറിയിച്ചു, അവൾക്ക് കുടുംബത്തെക്കുറിച്ച് ഓർമ്മകൾ ഉണ്ടെന്ന കാര്യവും ബോദ്ധ്യപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ ആശുപത്രി അവരുടെ ഗ്രാമത്തെപ്പറ്റിയും കുടുംബത്തെക്കുറിച്ചും അന്വേഷിച്ച് എല്ലാം ഉറപ്പാക്കി. തുടർന്ന് ഡോക്ടർമാർ വീഡിയോ കോൾ വഴി ഗീതയ്‌ക്ക് കുടുംബവുമായി സംസാരിക്കാൻ അവസരമൊരുക്കി.
2013ൽ ഒരു കുടുംബ വിവാഹത്തിനിടെയാണ് ഗീതയെ കാണാതായത്. അവൾ എങ്ങനെ കൊൽക്കത്തയിൽ എത്തി, ഈ വർഷങ്ങളിളിൽ സംഭവിച്ച കാര്യങ്ങൾ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഗീതയ്‌ക്ക് മൂന്ന് മക്കളുണ്ട്: രണ്ട് ആൺമക്കളും ഒരു മകളും. അവർക്ക് അമ്മയെക്കുറിച്ചുള്ള മങ്ങിയ ഓർമ്മകളാണുള്ളത്. മോശം സാമ്പത്തിക സ്ഥിതി കാരണം അവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനിടെ കുറച്ചുവർഷം മുൻപ് ഗീതയുടെ ഭർത്താവ് മരിച്ചു.