തിരുവനന്തപുരം: മുസ്ലീംലീഗിനെ കോൺഗ്രസ് രണ്ട് സീറ്റിൽ ഒതുക്കിയതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഒറ്റയ്‌ക്ക് മത്സരിച്ചപ്പോൾ രണ്ട് സീറ്റ് ലഭിച്ച പാർട്ടിയാണ് മുസ്ലീംലീഗ്. എന്നാൽ കോൺഗ്രസ് അവർക്ക് രണ്ട് സീറ്റുകൾ മാത്രം നൽകിയിരിക്കുകയാണ്. ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ജയരാജൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
1952 ൽ മദ്രാസ് സംസ്ഥാനത്തിൽ നിന്നും മത്സരിച്ച് മലബാറിൽ ഒരു സീറ്റ് ജയിക്കാൻ സാധിച്ച പാർട്ടിയാണ് മുസ്ലീംലീഗ്. 1962-ൽ കേരളത്തിന്റെ ഭാഗമായപ്പോൾ 2 സീറ്റ് ലോക്‌സഭയിൽ നേടി. അന്ന് കോൺഗ്രസിനെതിരെ മത്സരിച്ചാണ് ഈ രണ്ട് സീറ്റുകളും നേടിയത്. ആ പാർട്ടിക്കാണ് കോൺഗ്രസ് ഇപ്പോൾ രണ്ട് സീറ്റുകൾ മാത്രം നൽകിയിരിക്കുന്നത്. എൽഡിഎഫിൽ ഇത് സംഭവിച്ചിട്ടില്ല. മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം. ജയരാജൻ പറഞ്ഞു.
ആകെയുള്ള 20 സീറ്റിൽ 15 സീറ്റിൽ സിപിഎം മത്സരിക്കും. സിപിഐ 4 സീറ്റിലും കേരള കോൺഗ്രസ്(എം) കോട്ടയം സീറ്റിലും മത്സരിക്കും. ഇടത് മുന്നണിയിൽ ഒരു പ്രശ്‌നങ്ങളുമില്ലെന്നും ഏകകണ്ഡമായാണ് തീരുമാനമെന്നും ജയരാജൻ പറഞ്ഞു.