ആഭ്യന്തര ക്രിക്കറ്റിന് വിലനൽകാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻതൂക്കം നൽകുന്ന താരങ്ങളുടെ ചെവിക്ക് പിടിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ കരാറുള്ള താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എത്ര വലിയ താരമായാലും അവരവരുടെ സംസ്ഥാനങ്ങൾക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു. ഇനി അവരെ ഇ-മെയിൽ വഴി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാനോ സെലക്ടറോ പരിശീലകനോ ക്യാപ്റ്റനോ നിങ്ങളോട് റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ടാൽ കളിച്ചേ മതിയാകൂ. കൂടുതൽ പിടിവാശികളൊന്നും വേണ്ട.
ഇഷാൻ കിഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. എൻ.സി.എയിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെങ്കിൽ ഞങ്ങൾ ആരെയും നിർബന്ധിക്കില്ല. അല്ലാത്ത പക്ഷം എല്ലാവരും രഞ്ജി കളിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം സെലക്ഷൻ കമ്മിറ്റിക്കും ചെയർമാനും അവരുടെ തീരുമാനം നടപ്പാക്കാൻ അനുമതി നൽകും- ജയ് ഷാ ഓർമിപ്പിച്ചു.
ഇഷാൻ കിഷൻ, ഹാർദിക്, ക്രൂനാൽ,ദിപക് ചഹാർ അടക്കമുള്ളവർ രഞ്ജിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതേസമയം രഹാനെ, പൂജാര എന്നിവരടക്കമുള്ള മുതിർന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നുമുണ്ട്. ഇക്കാര്യങ്ങൾ ക്രിക്കറ്റ് ബോർഡ് വിലയിരുത്തുന്നുണ്ട്.