ശ്രീനഗർ: നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനം വ്യക്തതയില്ലാതെ തുടരുകയാണെന്നും നാഷണൽ കോൺഫറൻസ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഈ തിരഞ്ഞെടുപ്പിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ദേശീയ തലത്തിൽ ഇൻഡി മുന്നണിയിലും സംസ്ഥാന തലത്തിൽ ഗുപ്കർ സഖ്യത്തിലുമാണ് നാഷണൽ കോൺഫറൻസുള്ളത്. എന്നാൽ ഫറൂഖ് അബ്ദുള്ളയുടെ പുതിയ പ്രഖ്യാപനം രണ്ട് മുന്നണികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുൻ കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ കപിൽ സിബലിന് നൽകിയ അഭിമുഖത്തിൽ ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനം നടക്കാത്തതിനെതിരെ ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരുന്നു. പിന്നാലെയാണ് നിതീഷ് കുമാർ, ജയന്ത് ചൗധരി, മമത തുടങ്ങിയവർ മുന്നണിവിട്ട് പോയത്. ഇതിന് പിന്നാലെയാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രൂപീകരിച്ച സഖ്യമാണ് ഗുപാകർ സഖ്യം. സിപിഎം, പിഡിപി, കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളാണ് മുന്നണിയിലുള്ളത്. നിലവിൽ ഈ സഖ്യത്തിന്റെ ചെയർമാനാണ് ഫറൂഖ് അബ്ദുള്ള.