കൊൽക്കത്ത: സന്ദേശ്വാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനേയും പാർട്ടി പ്രവർത്തകനേയും അറസ്റ്റ് ചെയ്ത് പോലീസ്. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് സന്ദേശ്വാലിയിൽ നിന്ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്താൻ ബംഗാൾ പോലീസിനോട് കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷിബപ്രസാദ് സന്ദേശ്വാലി 2 ബ്ലോക്ക് പ്രസിഡന്റും, ഉത്തം സർദാർ പാർട്ടിയുടെ ജില്ലാ പരിഷത്ത് അഗവുമാണ്. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളാണ് ഇവരെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കുമെതിരെ പീഡന പരാതി ഉയർന്നിരുന്നു. പരാതി നൽകിയവരിൽ ഒരു യുവതി കഴിഞ്ഞ ദിവസം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ മൊഴി നൽകിയിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഇവർ പരാതിപ്പെട്ടത്.
ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു. ഒന്നിലധികം ഏജൻസികൾ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. റേഷൻ കുംഭകോണക്കേസിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് ഷാജഹാൻ ഷെയ്ഖ് ഒളിവിൽ പോയത്. അതേസമയം ഷിബപ്രസാദിനെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് തൃണമൂൽ വക്താവ് കുനാൽ ഘോഷിന്റെ വാദം. പ്രദേശത്തെ ഭൂമി തർക്കവും കുടിശ്ശിക അടയ്ക്കാത്തതുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും കുനാൽ ഘോഷ് ആരോപിച്ചു.















