പട്‌ന: ആർജെഡിയുമായി ഇനി ഒരു സഖ്യത്തിന് ശ്രമിക്കില്ലെന്നും, ഒരിക്കൽ അത്തരമൊരു ശ്രമം പരാജയപ്പെട്ടതു കൊണ്ടാണ് മഹാഗഡ്ബന്ധൻ ഉപേക്ഷിക്കേണ്ടി വന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനും ജെഡിയുവിനും വേണ്ടി ആർജെഡിയുടെ വാതിലുകൾ എപ്പോഴും തുറന്ന് ഇട്ടിരിക്കുകയാണെന്ന ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാർ.
” ലാലുപ്രസാദ് ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഗൗനിക്കേണ്ടതില്ല. സഖ്യത്തിലിരുന്നപ്പോഴും നിയമസഭയിൽ വച്ചും അദ്ദേഹവുമായി നല്ല രീതിയിൽ സഹകരിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുണ്ട്. അവരെ ഞങ്ങളോടൊപ്പം കൂട്ടുകയാണ് ചെയ്തത്. എന്നാൽ ആ സഖ്യം ഒരു പരാജയമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടി വന്നത്.
ഇൻഡി സഖ്യം എന്നത് എന്നെ സംബന്ധിച്ച് വളരെ നാളുകൾക്ക് മുൻപ് തന്നെ അവസാനിച്ച ഒന്നാണ്. സഖ്യത്തിന് ആ പേര് നൽകുന്നതിനെ അനുകൂലിക്കാതിരുന്ന ഒരാളാണ് ഞാൻ. ഞാൻ മറ്റൊരു പേര് നിർദ്ദേശിച്ചിരുന്നു, എന്നാൽ നിലവിലുള്ള പേര് ഏകപക്ഷീയമായാണ് അവർ തിരഞ്ഞെടുത്തത്. അതിനുള്ളിലുള്ള എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനും പരമാവധി ശ്രമിച്ചു. ഇപ്പോൾ ആ സഖ്യത്തിൽ നിന്ന് പുറത്ത് വന്നുവെന്നതാണ് യാഥാർത്ഥ്യം. ബിഹാറിലെ ജനങ്ങൾക്ക് വേണ്ടി പ്രയത്‌നിക്കുന്നത് തുടരും. അതിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും” നിതീഷ് കുമാർ പറയുന്നു. സംസ്ഥാനത്ത് ആർജെഡി നേതാക്കളുടെ പേരിൽ ഉയർന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.