ന്യൂഡൽഹി: പാലസ്തീൻ വിഷയത്തിൽ ദ്വിരാഷ്‌ട്ര പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും, നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഈ ആവശ്യത്തെയാണ് പിന്തുണയ്‌ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വർഷങ്ങളായി ഇന്ത്യ മുന്നോട്ട് വച്ചിരുന്ന ഈ ആവശ്യത്തെ പിന്തുണയ്‌ക്കുന്നു എന്നതിലുപരിയായി പല രാജ്യങ്ങളും അടിയന്തര വിഷയമായിട്ടാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരുമായുള്ള ചർച്ചയിലാണ് എസ്.ജയശങ്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒക്ടോബർ ഏഴിന് ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാനുഷിക നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനും ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ” സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു നീക്കവും അംഗീകരിക്കാനാകില്ല. ഇസ്രായേൽ ഇക്കാര്യത്തിൽ ശ്രദ്ധാലു ആയിരിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇന്ത്യയ്‌ക്ക് വ്യക്തമായ നിലപാട് ഉണ്ട്. അവയ്‌ക്ക് വ്യത്യസ്ത മാനങ്ങളുമുണ്ട്. കാരണം ഒക്ടോബർ ഏഴിന് നടന്നത് ഒരു ഭീകരാക്രമണമായിരുന്നുവെന്നതിന് തർക്കമില്ല. മുന്നറിയിപ്പുകളൊന്നുമില്ലാതെ നിരവധി ആളുകളെ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു.
രണ്ടാമത്തേത് സാധാരണക്കാരുടെ ജീവനെ കുറിച്ച് ഇസ്രായേൽ കുറിച്ചുകൂടി ശ്രദ്ധാലുവാകേണ്ടതുണ്ട്. മാനുഷിക നിയമങ്ങൾ പാലിക്കാൻ അവർ എപ്പോഴും ബാധ്യസ്ഥരാണ്. ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതരായി തിരികെ എത്തിക്കണം എന്നതാണ് മൂന്നാമത്തേത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിഷയത്തിൽ ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം ആവശ്യമാണെന്നതാണ് നാലാമത്തേത്. ദീർഘകാല പ്രശ്‌ന പരിഹാരമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളും ചർച്ച നടത്തി മാത്രമേ ഇതിൽ നീക്കുപോക്ക് ഉണ്ടാക്കാനാകൂ. ഇല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് ഇനിയും ആവർത്തിച്ചേക്കും. ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിലാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.















