വയനാട്: വന്യജീവി ആക്രമണങ്ങളിൽ ജനങ്ങളുടെ ജീവൻ പൊലിയുന്നതിനെ നിസാരവത്കരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്ന് മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. പ്രതിഷേധങ്ങൾ സ്വാഭാവികമാണ് എന്നാൽ അക്രമാസാക്തമാകുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിലുപരി ശാന്തമായിരിക്കുമ്പോൾ ജനങ്ങളെ കേൾക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം കൂടുതൽ സങ്കീർണത സൃഷ്ടിക്കപ്പെടും.
ജനങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കി ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ ചുമതലയെന്നും ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികൾ യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു. ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ആ നിർദേശങ്ങൾ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20-ന് വയനാട്ടിലെത്തും. അതിന് മുൻപായി വനംമന്ത്രി വയനാട്ടിൽ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ടകാര്യമില്ല. താൻ വയനാട്ടിൽ പോയില്ല എന്നത് ആരോപണമല്ല വസ്തുതാണ്. എന്നാൽ കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.