സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പ്രധാനമായ ആഘോഷമാണ് ഈ മാസം 25-ന് നടക്കുന്ന പൊങ്കാല മഹോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പൊങ്കാലക്കെത്തുന്നത്. പൊങ്കാലയും നിവേദ്യവും അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസിനുള്ളിലെ ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. ഒരാഴ്ച വ്രതം അനുഷ്ഠിച്ചതിന് ശേഷമാണ് പൊങ്കാലയിടുന്നത്. അത്തരത്തിൽ ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്ന നിവേദ്യമാണ് തെരളിയപ്പം.
പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, കടുംപായസം, വെള്ള ചോറ്, വെള്ളപായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് പ്രസാദമായി ദേവിക്ക് സമർപ്പിക്കുന്നത്. തെരളിയപ്പം നിവേദിച്ചാൽ പ്രാർത്ഥിക്കുന്ന കാര്യം സഫലമാകുമെന്നാണ് വിശ്വാസം. പൊങ്കാല നേർച്ചയിലെ പ്രധാന വിഭവമാണ് തെരളിയപ്പം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
ചേരുവകൾ
അരിപൊടി(വറുത്തത് ) 2 കപ്പ്
ശർക്കര (ചീകിയത്) ഒന്നര കപ്പ്
ഞാലിപൂവൻ പഴം 3 -4 എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
വയണയില ആവശ്യത്തിന്
ഏലക്ക പൊടിച്ചത് 1ടീ സ്പൂൺ
ജീരകം പൊടി അര ടീ സ്പൂൺ
ഓലക്കാൽ- ഇല കുമ്പിൾ കുത്താൻ ആവശ്യമായത്
ആദ്യം തെരളിയപ്പം ഉണ്ടാക്കുന്നതിനായി മാറ്റി വച്ചിരിക്കുന്ന ശർക്കര നന്നായി വെള്ളമൊഴിച്ച് അലിയിച്ചെടുക്കുക. ശർക്കര നന്നായി അലിഞ്ഞ ശേഷം അരിച്ചെടുക്കുക. തുടർന്ന് അരിപൊടി ചെറുതായി ചൂടാക്കണം. ഇതിലേക്ക് അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം കൂടി ചേർത്ത് കുഴച്ചെടുക്കുക. ഇതേസമയം, ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കേണ്ടതുണ്ട്. കുഴച്ചു വെച്ചിരിക്കുന്ന മാവിനെ ചെറിയ ഉരുളകളാക്കി കുമ്പിൾ രൂപത്തിൽ വയണയിലയിലേക്ക് വെക്കണം. ഇത് ഇഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങിയെടുക്കുക. ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കേണ്ട തെരളിയിപ്പം തയ്യാർ.