ന്യൂഡൽഹി: വാരാണസിയിലെ ജനങ്ങളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തർപ്രദേശിനെതിരെ രാഹുലിന്റെ മനസിൽ എത്രത്തോളം വിഷമുണ്ടെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളെന്ന് സ്മൃതി ഇറാനി വിമർശിച്ചു. ” ഉത്തർപ്രദേശിലെ വോട്ടർമാർക്കെതിരെ രാഹുൽ അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. രാഹുലിന്റെ മനസിൽ ഇവിടുത്തെ ജനങ്ങൾക്കെതിരെ എത്രത്തോളം വിഷ ചിന്തകളുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച വ്യക്തിയാണ് രാഹുൽ. ഇപ്പോൾ വാരാണസിയിലേയും ഉത്തർപ്രദേശിലേയും ജനങ്ങളെ കുറിച്ച് മോശമായി പറയാനാണ് രാഹുൽ ശ്രമിക്കുന്നത്. ഉത്തർപ്രദേശ് ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കോൺഗ്രസിന്റെ ഭാവി എന്നും ഇരുട്ടിൽ തന്നെ ആയിരിക്കും. മകനെ നല്ല രീതിയിൽ വളർത്താൻ സാധിച്ചിട്ടില്ലെങ്കിൽ, ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തരുത് എന്നെങ്കിലും സോണിയ ഗാന്ധി രാഹുലിനോട് പറയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും” സ്മൃതി ഇറാനി പറയുന്നു.
രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ ഉത്തർപ്രദേശ് മന്ത്രിസഭാംഗമായ ദിനേശ് പ്രതാപ് സിംഗും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഈ രാജ്യത്തോട് മാപ്പ് പറയണമെന്നും ദിനേശ് പ്രതാപ് ആവശ്യപ്പെട്ടു. ” ഭാരതത്തിന്റെ സംസകാരം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ കേൾക്കുന്നത് തന്നെ സങ്കടകരമാണ്. നമ്മുടെ സംസ്‌കാരത്തിൽ പൊതുവെ മദ്യപാനം അംഗീകരിക്കാറില്ല. എന്റെ കുടുംബത്തിൽ ആരും പരസ്യമായി മദ്യപിക്കാറില്ലെന്ന് എനിക്ക് ഉറച്ച് പറയാൻ കഴിയും. എന്നാൽ രാഹുലിന് അത് സാധിക്കുമോ. സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും, പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.















