വിശാഖപട്ടണം: ലോക രാജ്യങ്ങൾക്ക് മുന്നിൽ ഭാരതം വിശ്വ മിത്രമായി തുടരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതം എന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും നന്മയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുമ്പോൾ തന്നെ നിഴലിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ഭാരതം ജാഗ്രതയുള്ളവരായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മിലൻ 2024 രാജ്യാന്തര സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേനയുടെ എക്കാലത്തെയും വലിയ ബഹുരാഷ്ട്ര നാവിക അഭ്യാസമാണ് മിലൻ 2024.
“മനുഷ്യരാശിയുടെ നന്മയ്ക്കായി ഭാരതം എന്നും ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശ്വമിത്രമായി തുടരും. മനുഷ്യരാശിയുടെ നന്മയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുമ്പോൾ തന്നെ, നിഴലിൽ പതിയിരിക്കുന്ന അപകടങ്ങളിലും ജാഗ്രതയോടെ ഇരിക്കണം. ഭാരതം എന്നും സമാധാനമാണ് ഇഷ്ടപ്പെടുന്നത്, അതിനായി പരമാവധി ശ്രമിക്കും. ലോകത്തിന്റെ ക്ഷേമത്തിന് ഭീഷണിയാകുന്ന കടൽക്കൊള്ള, കടത്ത് തുടങ്ങിയവയെ നേരിടുന്നതിൽ നിന്ന് നമ്മുടെ നാവികസേന പിന്നോട്ടു പോകില്ല”
“കഴിഞ്ഞ കുറച്ച് മാസങ്ങളായി പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. കടൽ മേഖലയിൽ ചില അതിരൂക്ഷമായ വെല്ലുവിളികൾ നമുക്ക് മുന്നിലുണ്ട്. വ്യാപാര കപ്പലുകൾക്ക് നേരയുള്ള ആക്രമണങ്ങൾ മുതൽ കടൽക്കൊള്ളയും ഹൈജാക്കിംഗ് ശ്രമങ്ങളും വരെ. ഇത്തരം സംഭവങ്ങളിൽ സജീവമായി ഭാരതം ഇടപെടുന്നുണ്ട്. കപ്പലിലെ പതാകയും ഏത് രാജ്യക്കാരനാണ് ജീവനക്കാരനെന്നും നോക്കാതെ എല്ലാ കപ്പലുകളുടെയും സുരക്ഷ ഇന്ത്യൻ നാവികസേന ഉറപ്പാക്കും”.
“ഇന്തോ-പസഫിക്കിന്റെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുവേണ്ടി ഭാരതം നിലകൊള്ളും. ലോകമെമ്പാടുമുള്ള നിലവിലെ സാഹചര്യം മനസിലാക്കി ഇടപെടും. സമാധാനത്തിനാണ് ഭാരതം പ്രാധാന്യം നൽകുക. ഇന്ത്യൻ സമാധാനം, ഓസ്ട്രേലിയൻ സമാധാനം, ജാപ്പനീസ് സമാധാനം എന്നിങ്ങനെയല്ല വേണ്ടത്. മറിച്ച്, ആഗോള സമാധാനമാണ് ആവശ്യം. ഈ വികാരം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക രാജ്യങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്”- രാജ്നാഥ് സിംഗ് പറഞ്ഞു.