ഗാന്ധിനഗർ: കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ എപ്പോഴും കേന്ദ്രസർക്കാർ ചേർത്തുപിടിക്കാൻ ശ്രമിക്കുമെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഹമ്മദാബാദിൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” കർഷകരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സർക്കാർ രാജ്യത്തുട നീളം 60,000ലധികം അമൃത് സവോറുകൾ നിർമ്മിച്ചു. കർഷക ക്ഷേമം ഉറപ്പു വരുത്തുന്നതിന് പുറമെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. മത്സ്യകൃഷി, തേനിച്ച കൃഷി തുടങ്ങിയവ ചെയ്യുന്ന ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ പ്രവർത്തിച്ചു വരുന്നു. മണ്ണിന്റെ മക്കളാണ് കർഷകർ. അവരെ ചേർത്തു നിർത്താനാണ് സർക്കാർ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സാധിക്കുന്ന വിധത്തിലുള്ള വിത്തുകളാണ് കർഷകർക്ക് നൽകി വരുന്നത്. കന്നുകാലി കർഷകർക്കും മത്സ്യ കൃഷി ചെയ്യുന്നവർക്കും കേന്ദ്രസർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം നൽകി വരുന്നുണ്ട്. കർഷകർക്കായി വിഭാവം ചെയ്തിരിക്കുന്ന പദ്ധതികളും ആനൂകൂല്യങ്ങളും അവരിലേക്കെത്തിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം”.- പ്രധാനമന്ത്രി പറഞ്ഞു.
പാൽ ഉത്പാദിപ്പിക്കുന്നതിൽ ലോകത്തിൽ മറ്റു രാജ്യങ്ങളെക്കാൾ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇതിന് പ്രധാന പങ്ക് വഹിക്കുന്നത് രാജ്യത്തെ ക്ഷീര കർഷകർ തന്നെയാണ്. എട്ട് കോടി ജനങ്ങളാണ് ക്ഷീര മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. 10 കോടിയിലധികം വിറ്റുവരവാണ് ക്ഷീര മേഖലയിൽ ഉണ്ടാവുന്നതെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമുൽ ബ്രാൻഡിന്റെ വളർച്ച കന്നുകാലി വളർത്തലിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ നിരവധി ബ്രാൻഡുകൾ ഉടലെടുത്തെങ്കിലും അമുലിനെ പോലെ മികച്ച ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി”. ”അമുൽ എന്നാൽ വിശ്വാസം, അമുൽ എന്നാൽ വികസനം, അമുൽ എന്നാൽ പൊതുജന പങ്കാളിത്തം, അമുൽ എന്നാൽ കർഷകരുടെ ശാക്തീകരണം, അമുൽ എന്നാൽ പ്രചോദനം”. -പ്രധാനമന്ത്രി പറഞ്ഞു.















