കൊൽക്കത്ത: ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എംജിഎൻആർഇജിഎ സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഷാജഹാൻ ഷെയ്ഖുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി. ഹൗറ സ്വദേശിയായ ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഇന്ന് പുലർച്ചെയാണ് ഇഡി അധികൃതർ ഹൗറയിലുള്ള ഇയാളുടെ വസതിയിലെത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് അധികൃതർ പറയുന്നു. എംജിഎൻആർഇജിഎ സ്‌കീം അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ഒരാഴ്ചയ്‌ക്കിടെ നടത്തുന്ന രണ്ടാമത്തെ റെയ്ഡാണ് ഇത്.
ഈ ആഴ്ച ആദ്യം കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞ ചില സർക്കാർ ജീവനക്കാരുടേയും പഞ്ചായത്ത് അംഗങ്ങളുടേയും വീടുകളിലാണ് പരിശോധന നടത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മമത നിരന്തരം കേന്ദ്രവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഫണ്ട് നൽകിയില്ലെന്ന തൃണമൂലിന്റെ ആരോപണം ശരിയല്ലെന്നും, സംസ്ഥാന സർക്കാരിന്റെ അഴിമതിയുടെ നേർചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ബിജെപിയും ആരോപിച്ചു.