ഇസ്ലാമാബാദ്: പാകിസ്താന് പുതിയ വായ്പ അനുവദിക്കുന്നതിന് മുൻപായി അടുത്തിടെ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിന്മേൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി അന്താരാഷ്‌ട്ര നാണയ നിധിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി പാകിസ്താൻ തെഹ്രീകെ ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാൻ. പിടിഐ നേതാവ് ബാരിസ്റ്റർ അലി സഫറാണ് ഇക്കാര്യം പുറത്ത് വിട്ടത്. നിലവിലെ സാഹചര്യത്തിൽ പാകിസ്താന് വായ്പ നൽകിയാൽ, അത് ആര് തിരികെ തരുമെന്നാണ് കരുതുന്നതെന്നും ബാരിസ്റ്റർ അലി ചോദിച്ചു.
പാകിസ്താന് വായ്പ അനുവദിച്ചാൽ അത് രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി നീക്കുമെന്നും, രാജ്യത്തിന് നിലവിലുള്ള ഭാരം ഇരട്ടിയാകുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പായി പറയുന്നു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ പാകിസ്താന് പുതിയ വായ്പ അനുവദിക്കരുതെന്നും ഇമ്രാൻ ആവശ്യപ്പെടുന്നു. പാകിസ്താനിൽ പുതിയതായി രൂപീകരിക്കുന്ന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ഐഎംഎഫ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതേസമയം ഇമ്രാൻ ഖാൻ ഐഎംഎഫിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്നും, രാജ്യത്തിന്റെ പൊതു താത്പര്യത്തിന് വിരുദ്ധമായി ഇമ്രാൻ ഖാൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നും മുൻ ധനമന്ത്രി ഇഷാഖ് ദർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി എന്തും പറയാമെന്നാണ് കരുതുന്നതെങ്കിൽ അത് അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇഷാഖ് ദർ പറയുന്നു. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് പാർട്ടിയിലെ മുതിർന്ന നേതാവാണ് ഇഷാഖ് ദർ.
കഴിഞ്ഞ വർഷം ഐഎംഎഫിൽ നിന്ന് മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ സഹായം പാകിസ്താന് ലഭിച്ചിരുന്നു. ഇതിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ വീണ്ടും ഐഎംഎഫിനെ സമീപിച്ചത്. ഷെഹബാസ് ഷെരീഫ്- ബിലാവൽ ഭൂട്ടോ സഖ്യ സർക്കാർ അധികാരമേറ്റാലുടൻ പുതിയ കരാറിൽ ഒപ്പ് വയ്‌ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.