മുംബൈ: ഐപിഎൽ 17-ാം സീസണ് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഹാർദിക് പാണ്ഡ്യയുടെ വീഡിയോ. തനിക്കെത്തിച്ച ഭക്ഷണം നിഷേധിക്കുന്ന ഹാർദിക്കിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ധോക്ലയും ജിലേബിയുമാണ് ഹാർദിക്കിനായി തീൻമേശയിലെത്തിച്ചത്. എന്നാൽ തനിക്ക് ഭക്ഷണവുമായി എത്തിയ ഷെഫിനോട് ഹാർദിക് ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടു. തന്റെ ഫിറ്റ്‌നസിന് അനുയോജ്യമായ ഭക്ഷണമല്ലെന്ന് പറയുന്ന ഹാർദികിനോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന ഷെഫിനെയും വീഡിയോയിൽ കാണാം.സ്റ്റാർ സ്‌പോർട്‌സിന്റെ ഐപിഎൽ ഫിലിം ഷൂട്ടിനിടെയാണ് സംഭവം.
ഫിറ്റ്‌നസ് നിലനിർത്താനുള്ള താരത്തിന്റെ ശ്രമങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദിക്കുന്നവരും ഏറെയാണ്. അതേസമയം പി.ആർ. വർക്കിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയാണ് ഇതെന്ന് വിമർശിക്കുന്നവരുമുണ്ട്. ഹാർദിക്കിന്റെ നായക മികവിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിലെ ആദ്യ സീസണിൽ കിരീടം നേടിയിരുന്നു. രണ്ടാം സീസണിൽ ചെന്നൈയോട് പരാജയപ്പെട്ട് റണ്ണേഴ്‌സപ്പുമായി. രോഹിതിനെ മാറ്റിയാണ് മുംബൈ ഇന്ത്യൻസ് ഹാർദികിനെ ക്യാപ്റ്റനാക്കിയത്.















