പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയുടെയും, 9-ാം ക്ലാസുകാരിയെ കൊണ്ടു പോയ പ്രതികളുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടിയെ കുറിച്ചോ പ്രതികളെ കുറിച്ചോ എന്തങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിനിയും 15 വയസുകാരിയുമായ പാർവതിയെയാണ് കാണാതായത്. ബസ് സ്റ്റാൻഡിൽ എത്തിയ രണ്ട് പേർ പെൺകുട്ടിയെ കൂടെ കൊണ്ടു പോയതായാണ് വിവരം. സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി ബസ് സ്റ്റാൻഡിൽ എത്തി വസ്ത്രം മാറ്റിയ ശേഷമാണ് ഇവർക്കൊപ്പം പോയതെന്നും സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂളിൽ പോയ പെൺകുട്ടി വൈകിട്ട് തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പാർവതിയെ കണ്ടെത്താനായില്ല. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയെ കുറിച്ചോ യുവാക്കളെ കുറിച്ചോ വിവരം ലഭിക്കുന്നവർ പോലീസിൽ ഉടൻ വിവരം നൽകണമെന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു.