മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ കോൺഗ്രസ് നേതൃത്വമായി നടത്തിയ ചർച്ചയിൽ സംതൃപ്തിയെന്ന് മുസ്ലീംലീഗ്. അന്തിമ തീരുമാനം 27 ന് ചേരുന്ന പാർട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്നും മുതിർന്ന നേതാവ് കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചർച്ച പോസിറ്റീവായിരുന്നു. തങ്ങൾ വിളിച്ചുചേർക്കുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം എല്ലാവരെയും അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പാണക്കാട് ശിഹാബ് തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം 27 ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഒരുമിച്ച് തീരുമാനമെടുക്കുന്നതാണ് ലീഗിന്റെ രീതി. അതിന് ശേഷം തീരുമാനം എല്ലാവരെയും അറിയിക്കും. യോഗം പോസിറ്റീവായിരുന്നു. കോൺഗ്രസിനെ ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ തീരുമാനം അറിയിച്ചു. ഔദ്യോഗികമായ തീരുമാനം 27 ന് എല്ലാവരെയും അറിയിക്കും. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അധികം ലോക്‌സഭാ സീറ്റ് നൽകാൻ സാധിക്കില്ലെന്നും പകരം രാജ്യസഭ സീറ്റ് നൽകാമെന്നുമായിരുന്നു കോൺഗ്രസ് ചർച്ചയിൽ മുന്നോട്ടുവച്ച അഭിപ്രായം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം 27 ന് അറിയിക്കാമെന്നാണ് ലീഗ് വ്യക്തമാക്കിയിരിക്കുന്നത്. ലീഗിന് സീറ്റിന് അർഹതയുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് നൽകാൻ സാധിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.